Monday, February 13, 2012

പ്രണയത്തിന്.

തമ്മില്‍ അറിയാതെയും പറയാതെയും പോയ പ്രണയത്തിന്..
ചിലപ്പോള്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചും,
പറഞ്ഞിട്ടും കേട്ടില്ലെന്ന് നടിച്ചും
കൊഴിഞ്ഞുപോയ പ്രണയപുഷ്പങ്ങള്‍ക്ക്...
നിന്നിലേയ്ക്കുള്ള എന്റെ ദൂരത്തിനു ഇനിയും എത്ര ജന്മങ്ങള്‍ കൂടി കടമെടുക്കേണം.....

Thursday, September 22, 2011

ആകാശം നോക്കിയുള്ള യാത്രകള്‍..

ഇപ്പോള്‍ നീയെന്തിനാണ്‌ എന്നെ കാണണം എന്ന് പറയുന്നത്..ഒരുപാടു വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് നിന്നും ഓര്‍ത്തു നുണയാന്‍ നെല്ലിക്കയുടെ കയ്പും മധുരവും തന്നു പിരിഞ്ഞതല്ലേ?


പിന്നെ ഇപ്പോളെന്തിനു ഒരു പിന്‍വിളി?

നീയും അറിഞ്ഞിരിക്കുന്നു എനിക്ക് ബോണസ് ആയി കിട്ടിയ എന്റെ ഉള്ളില്‍ അതി ദ്രുതം വളരുന്ന കോശങ്ങളെ കുറിച്ച്..അറുത്തുമാറ്റാനും കരിച്ചു കളയാനും എന്തിനാണ് എത്ര തിടുക്കം..അവ എന്നെയും ഞാനവരെയും ഒന്ന് അറിഞ്ഞോട്ടെ ... അവരെന്നെ പുണരുമ്പോള്‍ ഞാന്‍ വേദനകൊണ്ട് വെള്ളിടി വെട്ടും പോലെ ഉറക്കെ ചിരിക്കുന്നു.. അതോ കരയുന്നോ? തുലാവര്‍ഷം പെയ്തിറങ്ങിയത് എന്റെ തലയിണകളില്‍ ആണ്..

എന്റെ വേദനയിലും ആശ്വാസം കണ്ടെത്തിയ ചിലര്‍..അവര്‍ അല്പം ഒന്നാശ്വസിച്ചോട്ടെ...എന്റെ വേദന കണ്ടു  അതിലേറെ വേദനിക്കുന്ന അപൂര്‍വ്വം സുഹൃത്തുക്കള്‍...അതില്‍ എന്നെ ഭാര്യ ആക്കാന്‍ മോഹിച്ചവരും , ഒരു രാത്രി തുണയായി കൊതിച്ചവരും , സഹോദരങ്ങളെ പോലെ തുണയായിരുന്നവരും ഒക്കെ പെടുന്നു...ഇടറിയ യാത്ര പറയലുകള്‍..നിറയുന്ന മിഴികള്‍...ഒന്ന് പോയി തരൂ....ഞാനൊന്ന് സ്വപ്നം കാണട്ടെ എന്ന് പറയണമെന്ന് തോന്നി...

നീ എന്തിനാ ഇതിനിടയ്ക്ക് വരുന്നത്?ഈ നരച്ച കാഴ്ചകള്‍ കാണാനോ?

അതോ നീ പ്രതീക്ഷിക്കുന്നുണ്ടോ..പണ്ടേ പോലെ തൊട്ടാവാടി പൂക്കളെ ഉറക്കാന്‍ നിന്റൊപ്പം ഞാന്‍ വരുമെന്ന്??വെള്ളത്തുള്ളികള്‍ ഇറ്റുവീഴുന്ന മുടി നിന്റെ മുഖത്തേയ്ക്കു വീശി ഇട നാഴിയുടെ ഇരുളിലേയ്ക്കു ഓടി മറയുമെന്നു??ആകാശം നോക്കിയുള്ള യാത്രകളില്‍ വിരലില്‍ തെരുപിടിച്ചു ഓര്‍ക്കാപ്പുറത്ത് ഞൊട്ട ഉണ്ടാക്കി നിന്നെ ശുണ്ഡി പിടിപ്പിക്കുമെന്ന് ??

എനിക്കറിയാം ... ഓര്‍മ്മകള്‍ക്ക് തേള്‍ കുത്തിയ വേദനയും നീറ്റലും നിനക്കും ഉണ്ടെന്ന്‌...

നിന്നെ ഞാന്‍ അനുസരിച്ചിട്ടേ ഉള്ളു ...എന്നും..നിലാവ് പെയ്യുന്ന രാത്രയില്‍ എന്റെ യൌവനം നീ സ്വന്തമാക്കിയപ്പോഴും ഞാന്‍ തടഞ്ഞില്ല.... എനിക്ക് നീ ആയിരുന്നു എല്ലാം..ഒരിക്കല്‍ ആ വലിയ തമ്പക ചുവട്ടില്‍ വച്ച് നീ നിന്റെ വിദേശ യാത്രയെ കുറിച്ചും ജാതക ചേര്‍ച്ചയുള്ള വിവാഹ ആലോചനയെ കുറിച്ചും പറഞ്ഞപ്പോള്‍ പോലും ഞാന്‍ ഒന്നും എതിര്‍ത്തില്ല...നിന്നെ ഞാന്‍ സ്വതന്ത്രനാക്കി....

വര്‍ഷങ്ങളുടെ ഇടവേളകളില്‍ നീ വരുമ്പോള്‍ എന്റെ നിഴല്‍ കൊണ്ടു പോലും നിന്നെ ഞാന്‍ ശല്യപെടുത്തിയില്ല...എന്നിട്ടും നീ എന്നെ നിന്റെ മനസ്സിന്റെ തടങ്കലില്‍ ഇട്ടു...പറന്നു പോകാന്‍ അനുവദിക്കാതെ..

ഇപ്പോള്‍ നീ എന്തിനാണ് വരുന്നത്?എല്ലാ സങ്കടങ്ങള്‍ക്കും മരുന്നായിരുന്ന എന്റെ ഉറക്കം പോലും കൂട്ട് വെട്ടി കൊഞ്ഞനം കാണിച്ചു പിരിഞ്ഞുപോയി..മഴവില്ല് കണ്ടു സന്തോഷിക്കേണ്ട നീ എന്തിനാണ് മിന്നല്‍ പിണരുപോലെ കീറി മുറിക്കുന്ന എന്റെ വേദനയുടെ നിലവിളി കേള്‍ക്കാന്‍ വരുന്നത്??എന്നെ സ്വന്തമാക്കിയ  ഈ വളര്‍ച്ചയെ നശിപ്പിക്കാനാണ് നിന്റെ ഈ വരവ്..

പക്ഷെ , വേണ്ട...ഞാനീ വൈരുദ്ധ്യത്തെ പ്രണയിച്ചു തുടങ്ങി...നിനക്ക് ശേഷം എന്നെ ഏറ്റവും കരയിച്ചതിത് മാത്രമാണ്..അതിജീവനത്തിന്റെ നാളുകള്‍ കഴിയാറായി..നീ വരരുത്..നീ എന്നില്‍ നിന്നും അകന്നു പോയ പോലെ ഇതും എന്നില്‍ നിന്നും നീ അടര്തിയെടുക്കരുത്..

എനിക്ക് അതിരുകളില്ലാത്ത ആകാശത്തിന്റെ അതിര്‍ത്തി തേടി പോകണം..നീലയും വെള്ളയും നിറത്തിലുള്ള ആകൃതി നഷ്ടപ്പെട്ട മേഘങ്ങളെ കുറിച്ച് കിനാവ്‌ കാണണം...മഴ നൂലുകള്‍ ഇഴ   ചേര്‍ത്ത് സ്വപ്നം നെയ്തെടുക്കണം..പിന്നെ ഞാന്‍ നിന്റെ തടവറയില്‍ നിന്നും സ്വതന്ത്രയാവും..നീലയും വെള്ളയും നിറത്തിലുള്ള പഞ്ഞികെട്ട് കണക്കു ആകാശ ചെരുവില്‍ പാറി നടക്കും....നീ ആകാശം നോക്കി നടക്കുമ്പോള്‍ കാറ്റായ്‌ വന്നു വിരല്‍ തൊടാന്‍...

Tuesday, September 20, 2011

ശിഥിലമായ ദാമ്പത്യം വൈധവ്യത്തെക്കാള്‍ ദുസ്സഹം ....

Tuesday, September 29, 2009

വിടപറയല്‍.

ഒരു കലാലയ വര്‍ഷം കൂടി അവസാനിയ്ക്കാറായി എന്നതിന്റെ ഒരു മുന്നറിയിപ്പാണ് കോളേജില്‍ നിന്നുമുള്ള ഓരോ ടൂറും.ഉത്സവത്തിമിര്‍പ്പുള്ള യാത്രകള്‍,അതിരു വിടാത്ത സൌഹൃദത്തിന്റെകുഞ്ഞ് തമാശകള്‍,കൈമാറുന്ന ചെറിയ സമ്മാനപ്പൊതികള്‍,എല്ലാത്തിനുമൊടുവില്‍ വേര്‍പിരിയലിന്റെ നീറ്റല്‍.കോളേജ് അടയ്ക്കാറാവുന്നതിന്റെ കലമ്പല്‍ ഏറ്റവും പ്രകടമാകുന്ന ഹോസ്റ്റലും.അവരവരുടെ ഇഷ്ടമനുസരിച്ച് ഭിത്തിയിലൊട്ടിച്ചിരുന്ന ചിത്രങ്ങള്‍ പറിച്ചെടുക്കുമ്പോള്‍ അതോടൊപ്പം അടര്‍ന്ന് പോകുന്ന പെയിന്റും,പെയിന്റ് പോയ ചുവരുകളും പിരിഞ്ഞ് പോകുന്നവരെയും വന്നുചേരുന്നവരെയും ഓര്‍മ്മയുടെ മേച്ചില്പുറങ്ങളില്‍ കൊണ്ട് എത്തിയ്ക്കാറുണ്ടാവാം..


ഓട്ടോഗ്രാഫ് എഴുതിയ്ക്കാനെത്തുന്ന സൌഹൃദങ്ങള്‍,പലരുടെയും പേരുകൂടി തനിയ്ക്കറിയില്ലായിരുന്നു.മറ്റുചിലരോട് പുഞ്ചിരിയിലൊതുങ്ങുന്ന ചങ്ങാത്തം.വേരുറച്ച സൌഹൃദങ്ങള്‍പണ്ടേ ഇല്ലാഞ്ഞതിനാല്‍ പലപ്പോഴും പറിച്ച് നടുമ്പോള്‍ പച്ചപിടിയ്ക്കാന്‍ തനിയ്ക്ക് പ്രയാസമുണ്ടായിരുന്നില്ല.


ഇപ്പോള്‍ എന്തോ ഇടനെഞ്ചിലൊരു വിങ്ങല്‍!!!പേരിട്ട് വിളിയ്ക്കാനാവാതെ പോയ ഒരു ബന്ധത്തിന്റെ ബാക്കിയായ നൊമ്പരം.ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഊഷ്മളമായ ചില ഓര്‍മ്മകള്‍.കാമ്പസിലെ തിമിര്‍പ്പില്‍ നിന്നും അല്പമൊന്ന് ഒതുങ്ങിനിന്നതിനാല്‍ ജാടക്കാരി എന്നൊരു ചെല്ലപ്പേരു തനിക്കുണ്ടായിരുന്നു.അഗതാക്രിസ്റ്റിയുടെ രചനകളോട് വല്ലാത്ത കമ്പം കൂടിയ സമയമായിരുന്നതിനാല്‍ ഒഴിവുസമയങ്ങളില്‍ അവരുടെ നോവലുകളിലേയ്ക്ക് മിഴിയും മനവും പൂഴ്ത്തിയിരിക്കാനായിരുന്നു ഇഷ്ടം.അക്ഷരങ്ങളുടെ വെളിച്ചത്തില്‍ മാത്രം അറിഞ്ഞിരുന്ന സഹപാഠികള്‍.അതിനാല്‍ കൂട്ടുകാരും നന്നേകുറവ്.

എന്തുകൊണ്ടോ വാര്‍ഡന് തന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നു.പത്ത്മണികഴിഞ്ഞാല്‍ എല്ലാ ലൈറ്റുകളും അണയ്ക്കണമെന്ന ചിട്ട അവിടെ ഉണ്ടായിരുന്നു.അതുകൊണ്ട് നന്ദ്യാര്‍വട്ടങ്ങള്‍ പൂക്കുന്ന വരാന്തയിലെ അരണ്ടവെളിച്ചമായിരുന്നു തനിക്ക് ആശ്വാസം,ഇടയ്ക്കൊക്കെ കഥകള്‍ വായിച്ച് തീര്‍ക്കാന്‍.

പതിവില്ലാതെ ഒരുദിവസം വാര്‍ഡന്‍ ചേച്ചി തന്നോട് ചോദിച്ചു:അരുന്ധതിയ്ക്ക് സമയമുള്ളപ്പോള്‍ കുറച്ച് സിമ്പോസിയം തയ്യാറാക്കി തരാമോ,എനിക്ക് വേണ്ടപ്പെട്ട ഒരുകുട്ടിയ്ക്കാണ്.

സമ്മതിയ്ക്കാതിരിയ്ക്കാന്‍ അപ്പോളെന്തോ തോന്നിയില്ല.അവര്‍ പൊതുവേ നല്ല മനുഷ്യത്തമുള്ള സ്ത്രീ ആണ്,അപ്പോള്‍ എങ്ങനെ നിരസിക്കും.

അരുന്ധതി എന്നാല്‍ ഒരിയ്ക്കലും ധര്‍മ്മം തെറ്റിയ്ക്കാത്തവള്‍ എന്നാണ് അര്‍ത്ഥമെന്ന് അച്ഛന്‍ പറയാറുണ്ട്,അതിനാലാവാം രണ്ട് ദിവസം ലൈബ്രറിയില്‍ ചിലന്തിയെപ്പോലെ അരിച്ച് നടന്ന് ആ ദൌത്യം പൂര്‍ത്തിയാക്കി.അത് വാര്‍ഡന് കൈമാറുമ്പോള്‍ ആ മുഖത്ത് നല്ല പ്രകാശം.നന്ദിപറയാന്‍ വാക്കുകള്‍ക്കായി പരതുന്നത് കണ്ട് താന്‍ മുങ്ങി.

പിന്നീട് യാദൃശ്ചികമായി വാര്‍ഡന്‍ തനിക്കൊരാളെ പരിചയപ്പെടുത്തി:അരുന്ധതീ,കുട്ടി സിമ്പോസിയം തയ്യാറാക്കി തന്നത് ഈ രാജീവിനു വേണ്ടിയാണ്.അലസമായി അവനെ നൊക്കിയ തനെ ഇടനെഞ്ചൊന്ന് ആളി,പ്രകാശമില്ലാത്തമിഴികള്‍,വെറുതേ ചിമ്മുന്ന പീലികള്‍ക്കുള്ളില്‍ ഉണങ്ങിയ ഞാവല്പഴങ്ങള്‍ പോലെ.ദൈവത്തിന്റെ മറ്റൊരു വികൃതി.അനുകമ്പയോ,സഹതാപമോ എന്താണെന്ന് അറിയില്ല പിന്നീട് അവന്റെ പഠനത്തിന് തനിയ്ക്കാവുന്നതെല്ലാം ചെയ്ത് കൊടുത്തു.പുസ്തകം വായിച്ച് റെക്കോഡ് ചെയ്ത് കൊടുക്കുമ്പോള്‍ തന്റെ ശബ്ദം അവന്‍ അറിവാകുമ്പോള്‍ എന്തോ വല്ലാത്ത ഒരാത്മഹര്‍ഷം.

യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ അവനു വേണ്ടി താന്‍ പരീക്ഷയെഴുതി.അവന്റെ മൊഴികള്‍ എന്റെ വിരല്‍ത്തുമ്പിലൂടെ ഉത്തര കടലാസ്സിലേയ്ക്ക്.അവനെ കാണുമ്പോള്‍ തന്റെ മുഖത്ത് വിടരുന്ന ചിരി അവന് കാണാന്‍ പറ്റാത്തതിനാല്‍ കളവൊളിക്കുന്ന കുട്ടിയെ പോലെ പുഞ്ചിരിക്കേണ്ടി വന്നില്ല.പ്രകാശമില്ലാത്തമിഴികളുള്ള മുഖത്ത്പൂത്തിരികത്തുന്ന ചിരികളുമായി എത്രയോ വൈകുന്നേരങ്ങള്‍.

ഇപ്പോള്‍ വഴിപിരിയലിന്റെ സമയമായിരിക്കുന്നു.നിറഞ്ഞോഴുകിയ പുഴ ഇടയ്ക്ക് വച്ച് കൈവഴിതിരിഞ്ഞപോലെ.....കട്ടിലില്‍ നിരന്ന് കിടക്കുന്ന ഓട്ടോഗ്രാഫുകള്‍ തന്നെ പല്ലിളിച്ച് കാട്ടുന്നു,അതില്‍ എന്തൊക്കെയോ എഴുതിനറച്ച് മാറ്റിവച്ചു.മിക്കവരുടെയും ആവശ്യം അരുന്ധതി ഒരു കവിത എഴുതിതരണം എന്നായിരുന്നു.ഹൃദയമുരുകുമ്പോള്‍ ഭാഷവറ്റുന്നു.

യാത്രപറയലിന്റെ ബഹളം,കെട്ടിപ്പിടുത്തവും ചെറുചുംബനങ്ങളും,കത്തെഴുതണേ ,വിളിക്കണെ എന്നൊക്കെയുള്ള അപേക്ഷകളും.കാറുകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും പുറത്തേയ്ക്ക് നീളുന്ന കൈകള്‍ റ്റാറ്റ പറയുന്നു.

ഒരു നേര്‍ത്തശബ്ദം കേട്ട് താന്‍ തിരിഞ്ഞ് നോക്കി.കയ്യിലൊരു ഓട്ടോഗ്രാഫുമായി രാജീവ്.“എന്തേ അരുന്ധതിമാത്രം എനിയ്ക്ക് ഓട്ടോഗ്രാഫ് എഴുതിയില്ല?”എന്ന ചോദ്യം തന്നെ വല്ലാതെ തളര്‍ത്തി.ഈ വരികള്‍ വേണോ നമുക്ക് പരസ്പരം ഓര്‍ക്കാന്‍ എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്.പക്ഷേ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.അവന്‍ നീട്ടിയ ഓട്ടോഗ്രാഫ് അതേപോലെ മടക്കികൊടുത്തു.താന്‍ എഴുതുന്നതെന്താണെന്ന് മറ്റൊരാള്‍ അവന് വായിച്ച് കേള്‍പ്പിക്കണ്ടാന്നൊരു സ്വാര്‍ത്ഥത.

ഉണങ്ങിയ വാകയിലകള്‍ നിറഞ്ഞവഴിയിലേയ്ക്ക് കൂട്ടുകാരന്റെ വിരല്‍ പിടിച്ച് അവന്‍ നടന്നു.അവന്‍ ഒന്നും പറഞ്ഞില്ല,താന്‍ പിന്‍ വിളി വിളിച്ചുമില്ല.തൊട്ടുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തിക്കി തിരക്കുന്നവരുടെ കലമ്പല്‍ കണ്ണുനീര്‍പാടയാല്‍ അവ്യക്തമാകവേ ഞാന്‍ നീലവാനിന്റെ ആകൃതി നഷ്ടപ്പെട്ട മുഖത്തെ കുറിച്ച് ഒരു കവിത ആലോചിയ്ക്കുവായിരുന്നു താന്‍!!!

ഇനി പ്രകാശമുള്ള നയനങ്ങളുമായ് കണ്ടുമുട്ടലുകളില്‍ വിശ്വസിച്ച് പിരിഞ്ഞ് പോകാം...............

Tuesday, August 11, 2009

ഭവാനി

സാരീ,ബെഡ്ഷീറ്റ്,ചുരിദാര്‍,നൈറ്റി...ഈണത്തിലുള്ള പെണ്‍ വിളികേട്ട് ഡോര്‍ലെന്‍സിലൂടെ പുറത്തേയ്ക്ക് നോക്കി...നല്ലസുന്ദരിയായ ഒരു തമിഴത്തിപെണ്ണ്,കയ്യില്‍ വലിയരണ്ട് ബാഗുകള്‍, ലിഫ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുന്നു ഏതെങ്കിലുംവാതില്‍ തുറക്കുന്നുണ്ടോ എന്നാണ് ശ്രദ്ധ.
എവിടേയും കസേരനീക്കിയിട്ട് വലിഞ്ഞ് കയറുന്ന മോന്‍ അവിടെയും പണി പറ്റിച്ചു.നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ വാതില്‍ തുറന്നു.പ്രതീക്ഷനിറഞ്ഞമിഴികളും മൊഴികളും.“അക്കാ,നല്ല സാരി ചുരിദാര്‍ എല്ലാമുണ്ട് നോക്കുന്നോ?” തമിഴത്തിയാണെങ്കിലും നന്നായി മലയാളം പറയുന്നു.
കുവൈറ്റില്‍ വന്നശേഷം ആദ്യമായാ ഇത്തരം വില്പനക്കാരെ കാണുന്നത്.നാട്ടിലൊരു ചെട്ടിയാര്‍ വരാറുണ്ടായിരുന്നു,ഇന്‍സ്റ്റാള്‍മെന്റായി കാശ് കൊടുത്താല്‍മതിയെന്നും പറഞ്ഞ്.അമ്മാവന്മാര്‍ക്ക് ആ വര്‍ഗ്ഗത്തെ കാണുന്നതേ കലിയാണ്,പെണ്ണുങ്ങളെ പറ്റിക്കാനിറങ്ങിയവരാണന്നാണ് അഭിപ്രായം.അതിനാല്‍ അമ്മയ്ക്കും അമ്മവിമാര്‍ക്കും അയാളില്‍ നിന്നും ഒന്നും വാങ്ങാന്‍ പറ്റിയിട്ടില്ല.മുറ്റമടിക്കാന്‍ വരുന്ന തങ്കമ്മപണിക്കത്തി ചെട്ടിയാരോട് വാങ്ങിയ ലുങ്കിയും ബ്ലൌസ്സും ഒക്കെ അവരെ കാണിച്ച് അതിന്റെ നല്പിനെകുറിച്ചും വിലക്കുറവിനെക്കുറിച്ചും പറയുന്നത് പേരച്ചുവട്ടിലോ നെല്ലിച്ചുവട്ടിലോ ഇരുന്ന് ബാലമംഗളം വായിച്ചിരുന്ന ഞാന്‍ ശ്രദ്ധിച്ചിരുന്നു.അത്താഴം വിളമ്പുന്ന നേരം അമ്മാവിമാര്‍ ദ്വയാര്‍ത്ഥത്തില്‍ ഈ വിഷയം അവതരിപ്പിക്കാറുമുണ്ട്.അവരുടെ ഉദ്ദേശം അമ്മാവന്മാര്‍ക്ക് മനസ്സിലാവും.അടുത്തഏതെങ്കിലും ദിവസം ആലപ്പുഴ കൃഷ്ണാസ്സിലേയ്ക്ക് എല്ലാരും കൂടി ഒരു പോക്കുണ്ട്,ചെട്ടിയാരുടെ കയ്യിലുള്ളതിലും നല്ല തുണികള്‍ വാങ്ങാന്‍.പെണ്ണുങ്ങളുടെ ഒരു മിടുക്ക്.വലുതാകുമ്പോള്‍ അമ്മായിമാരെപ്പോലെ നല്ല സാമര്‍ത്ഥ്യക്കാരിയാവുമെന്ന് മനസ്സിലുറപ്പിക്കുകയും ചെയ്തു.
തമിഴത്തി തുണികള്‍ ഓരോന്നായി നിവര്‍ത്തിക്കാണിക്കുകയാണ്.അവളുടെ വായ്മൊഴി എനിക്ക് നന്നേ രസിച്ചു. വളകിലുക്കം പോലെയുള്ള ആ വായ്ത്താരിക്കു മുന്നില്‍ എന്റെ കൌതുകത്തിന് ബാല്യം വന്നു.പണ്ടേ കൌതുകമിത്തിരികൂടുതലായതിനാല്‍ ഞാനവളോട് അവളെക്കുറിച്ച് ചോദിച്ചു.“ഭവാനി” എന്നവള്‍ പേരുപറഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിപൊട്ടി,ഒരുമോളുണ്ടായാല്‍ ഇടാന്‍ ഞാന്‍ കണ്ട് വച്ചിരുന്ന പേര്‍.
കച്ചവടനയം നന്നായറിയുന്ന ഭവാനി ഓരോ മെറ്റീരിയലിനെകുറിച്ചും വിശദമായി പറഞ്ഞിരുന്നു.എനിക്ക് ചേരുന്ന നിറങ്ങളും ഡിസൈനുകളും അവള്‍ വിവരിച്ചു.“സാധനം വിറ്റഴിക്കാനുള്ള അടവാണേ” എന്ന ഭര്‍ത്താവിന്റെ അഭിപ്രായത്തോട് എപ്പോളത്തെയും പോലെ എന്തുകൊണ്ടോ ഞാന്‍ യോജിച്ചില്ല.ഒടുവില്‍ മോന്റെ ഇഷ്ടത്തിന് സ്പൈഡര്‍മാന്റെ ഒരു ബെഡ്ഷീറ്റ് വാങ്ങി കച്ചവടം അവസാനിപ്പിച്ചു.
പിന്നീട് ഭവാനിയുടെ വായ്ത്താരികേള്‍ക്കുമ്പോള്‍ വാതില്‍ തുറക്കുന്നത് പതിവായി.ഒന്നും വാങ്ങിയില്ലെങ്കിലും അവളോട് ചുമ്മാകുറച്ച് വര്‍ത്തമാനം പറയും.ഈ ഭാരവും ചുമന്ന് നടന്ന് ക്ഷീണിച്ച് വരുന്നതല്ലേ,കഴിയ്ക്കാനും കുടിയ്ക്കാനും എന്തെങ്കിലും കൊടുക്കുക പതിവായി.കൂട്ട്കാരിഭവാനി വന്നില്ലേ എന്ന് എന്റെ പ്രാണനാഥന്‍ ഇടയ്ക്കൊക്കെ കളിയാക്കാനും തുടങ്ങി.
അവളെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചോദിച്ച് കൊണ്ടിരുന്നു.കദാമ്മവിസയില്‍{വീട്ട്ജോലിക്കരികള്‍കുള്ള}ആദ്യമായി കുവൈറ്റില്‍ വന്നതും മൃഗത്തെപ്പോലെ പണിയെടുത്തിട്ടും പാതിവയറോടെ ഉറങ്ങാതെ ഉറങ്ങിയതും അനുഭവിച്ച ദുരിതങ്ങളും ഒക്കെ ഒരു ദിവസം അവള്‍ പറഞ്ഞു.അഞ്ച് നേരം നിസ്കരിച്ചിട്ടും സഹജീവിയെ പട്ടിണിക്കിട്ട് മൃഷ്ടാന്നം വെട്ടിവിഴുങ്ങുന്ന ആ വീട്ട്കാര്‍ മനുഷ്യരല്ല എന്നാണ് അവള്‍ പറഞ്ഞത്.ചമഞ്ഞൊരുങ്ങി നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത കുവൈറ്റിപെണ്ണുങ്ങളെ പുച്ഛത്തോടെ ഞാനോര്‍ത്തു.നിര്‍ണ്ണയത്തിന്റെ രാ‍ത്രിയില്‍ പരമകാരുണ്യവാനായ അള്ളാ ഇതെല്ലാം ക്ഷമിക്കുമോ?പക്ഷേ ഭവാനിയെ മറ്റൊരു സ്പോണ്‍സറ്ക്ക് ആദ്യത്തെയാള്‍ വിറ്റു.ആ മനുഷ്യന്‍ വളരെ നല്ലവനായിരുന്നത്രേ.പുള്ളി അവള്‍ക്ക് ഈ ജോലി ആക്കിക്കൊടുത്തു.ഒരു പൂക്കടയില്‍ മാലകെട്ടായിരുന്ന ഭര്‍ത്താവിന് വലിയപൂക്കടയിട്ട് കൊടുത്തതും സഹോദരിമാരെ കെട്ടിച്ചയച്ചതും വീട് വച്ചതും ഇപ്പോള്‍ സമാധാനമായി ജീവിക്കുന്നതും ഒക്കെ മനുഷ്യരിലും ദൈവം ഉണ്ടെന്നതിന്റെ തെളിവായി കണ്ട ആ നല്ല മനുഷ്യന്റെ ഗുണം കൊണ്ടാണെന്ന് അവള്‍ പറഞ്ഞു.ജീവിതത്തോട് കൂറുകാണിച്ച് ജീവിക്കുന്ന ഭവാനിയോട് സഹാനുഭൂതിയും സ്നേഹവും തോന്നി...ഒരിക്കല്‍ ഞാന്‍ ചെയ്ത പെയിന്റിങ്ങ് കണ്ട് അവള്‍ പറഞ്ഞു “അക്കാ ,നിങ്ങളിതൊക്കെ ചെയ്യാറുണ്ടോ” ഞാനതൊരു കൌതുകത്തിന് ചെയ്തതാ.
കഴിഞ്ഞദിവസം ഭവാനി വന്നു.കയ്യില്‍ ഒരു പൊതിയുണ്ട് ഇത് നിങ്ങള്‍ക്കാണെന്നും പറഞ്ഞ് അവളത് എനിക്ക്

സമ്മാനിച്ചു,അതിനെ വില അവള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല.താന്‍ രണ്ട് മാസത്തേയ്ക്ക് നാട്ടില്‍ പോവാണെന്നും തിരിച്ചുവരുമ്പോളേയ്ക്കും ഒരുപാട് വരയ്ക്കണമെന്നും അവള്‍ പറഞ്ഞു.

ഭവാനിപോയി....അവളുടെ ചിരിപോലെ ഭംഗിയുള്ള പൂവുകള്‍...അവളുടെ സ്വപ്നങ്ങള്‍ പോലെ ആയിരം വര്‍ണ്ണമുള്ള പൂമ്പാറ്റകള്‍...നാട്യസുന്ദരമായ അവളുടെ ചലനങ്ങള്‍ ...അങ്ങനെ ഒരുപാട് വരച്ചു....

സാരീ,നൈറ്റി,ചുരിദാര്‍...വളകിലുക്കം പോലെയുള്ള അവളുടെ വിളിക്കായി ആയിരം വര്‍ണ്ണങ്ങളോടെ.....