Thursday, September 22, 2011

ആകാശം നോക്കിയുള്ള യാത്രകള്‍..

ഇപ്പോള്‍ നീയെന്തിനാണ്‌ എന്നെ കാണണം എന്ന് പറയുന്നത്..ഒരുപാടു വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് നിന്നും ഓര്‍ത്തു നുണയാന്‍ നെല്ലിക്കയുടെ കയ്പും മധുരവും തന്നു പിരിഞ്ഞതല്ലേ?


പിന്നെ ഇപ്പോളെന്തിനു ഒരു പിന്‍വിളി?

നീയും അറിഞ്ഞിരിക്കുന്നു എനിക്ക് ബോണസ് ആയി കിട്ടിയ എന്റെ ഉള്ളില്‍ അതി ദ്രുതം വളരുന്ന കോശങ്ങളെ കുറിച്ച്..അറുത്തുമാറ്റാനും കരിച്ചു കളയാനും എന്തിനാണ് എത്ര തിടുക്കം..അവ എന്നെയും ഞാനവരെയും ഒന്ന് അറിഞ്ഞോട്ടെ ... അവരെന്നെ പുണരുമ്പോള്‍ ഞാന്‍ വേദനകൊണ്ട് വെള്ളിടി വെട്ടും പോലെ ഉറക്കെ ചിരിക്കുന്നു.. അതോ കരയുന്നോ? തുലാവര്‍ഷം പെയ്തിറങ്ങിയത് എന്റെ തലയിണകളില്‍ ആണ്..

എന്റെ വേദനയിലും ആശ്വാസം കണ്ടെത്തിയ ചിലര്‍..അവര്‍ അല്പം ഒന്നാശ്വസിച്ചോട്ടെ...എന്റെ വേദന കണ്ടു  അതിലേറെ വേദനിക്കുന്ന അപൂര്‍വ്വം സുഹൃത്തുക്കള്‍...അതില്‍ എന്നെ ഭാര്യ ആക്കാന്‍ മോഹിച്ചവരും , ഒരു രാത്രി തുണയായി കൊതിച്ചവരും , സഹോദരങ്ങളെ പോലെ തുണയായിരുന്നവരും ഒക്കെ പെടുന്നു...ഇടറിയ യാത്ര പറയലുകള്‍..നിറയുന്ന മിഴികള്‍...ഒന്ന് പോയി തരൂ....ഞാനൊന്ന് സ്വപ്നം കാണട്ടെ എന്ന് പറയണമെന്ന് തോന്നി...

നീ എന്തിനാ ഇതിനിടയ്ക്ക് വരുന്നത്?ഈ നരച്ച കാഴ്ചകള്‍ കാണാനോ?

അതോ നീ പ്രതീക്ഷിക്കുന്നുണ്ടോ..പണ്ടേ പോലെ തൊട്ടാവാടി പൂക്കളെ ഉറക്കാന്‍ നിന്റൊപ്പം ഞാന്‍ വരുമെന്ന്??വെള്ളത്തുള്ളികള്‍ ഇറ്റുവീഴുന്ന മുടി നിന്റെ മുഖത്തേയ്ക്കു വീശി ഇട നാഴിയുടെ ഇരുളിലേയ്ക്കു ഓടി മറയുമെന്നു??ആകാശം നോക്കിയുള്ള യാത്രകളില്‍ വിരലില്‍ തെരുപിടിച്ചു ഓര്‍ക്കാപ്പുറത്ത് ഞൊട്ട ഉണ്ടാക്കി നിന്നെ ശുണ്ഡി പിടിപ്പിക്കുമെന്ന് ??

എനിക്കറിയാം ... ഓര്‍മ്മകള്‍ക്ക് തേള്‍ കുത്തിയ വേദനയും നീറ്റലും നിനക്കും ഉണ്ടെന്ന്‌...

നിന്നെ ഞാന്‍ അനുസരിച്ചിട്ടേ ഉള്ളു ...എന്നും..നിലാവ് പെയ്യുന്ന രാത്രയില്‍ എന്റെ യൌവനം നീ സ്വന്തമാക്കിയപ്പോഴും ഞാന്‍ തടഞ്ഞില്ല.... എനിക്ക് നീ ആയിരുന്നു എല്ലാം..ഒരിക്കല്‍ ആ വലിയ തമ്പക ചുവട്ടില്‍ വച്ച് നീ നിന്റെ വിദേശ യാത്രയെ കുറിച്ചും ജാതക ചേര്‍ച്ചയുള്ള വിവാഹ ആലോചനയെ കുറിച്ചും പറഞ്ഞപ്പോള്‍ പോലും ഞാന്‍ ഒന്നും എതിര്‍ത്തില്ല...നിന്നെ ഞാന്‍ സ്വതന്ത്രനാക്കി....

വര്‍ഷങ്ങളുടെ ഇടവേളകളില്‍ നീ വരുമ്പോള്‍ എന്റെ നിഴല്‍ കൊണ്ടു പോലും നിന്നെ ഞാന്‍ ശല്യപെടുത്തിയില്ല...എന്നിട്ടും നീ എന്നെ നിന്റെ മനസ്സിന്റെ തടങ്കലില്‍ ഇട്ടു...പറന്നു പോകാന്‍ അനുവദിക്കാതെ..

ഇപ്പോള്‍ നീ എന്തിനാണ് വരുന്നത്?എല്ലാ സങ്കടങ്ങള്‍ക്കും മരുന്നായിരുന്ന എന്റെ ഉറക്കം പോലും കൂട്ട് വെട്ടി കൊഞ്ഞനം കാണിച്ചു പിരിഞ്ഞുപോയി..മഴവില്ല് കണ്ടു സന്തോഷിക്കേണ്ട നീ എന്തിനാണ് മിന്നല്‍ പിണരുപോലെ കീറി മുറിക്കുന്ന എന്റെ വേദനയുടെ നിലവിളി കേള്‍ക്കാന്‍ വരുന്നത്??എന്നെ സ്വന്തമാക്കിയ  ഈ വളര്‍ച്ചയെ നശിപ്പിക്കാനാണ് നിന്റെ ഈ വരവ്..

പക്ഷെ , വേണ്ട...ഞാനീ വൈരുദ്ധ്യത്തെ പ്രണയിച്ചു തുടങ്ങി...നിനക്ക് ശേഷം എന്നെ ഏറ്റവും കരയിച്ചതിത് മാത്രമാണ്..അതിജീവനത്തിന്റെ നാളുകള്‍ കഴിയാറായി..നീ വരരുത്..നീ എന്നില്‍ നിന്നും അകന്നു പോയ പോലെ ഇതും എന്നില്‍ നിന്നും നീ അടര്തിയെടുക്കരുത്..

എനിക്ക് അതിരുകളില്ലാത്ത ആകാശത്തിന്റെ അതിര്‍ത്തി തേടി പോകണം..നീലയും വെള്ളയും നിറത്തിലുള്ള ആകൃതി നഷ്ടപ്പെട്ട മേഘങ്ങളെ കുറിച്ച് കിനാവ്‌ കാണണം...മഴ നൂലുകള്‍ ഇഴ   ചേര്‍ത്ത് സ്വപ്നം നെയ്തെടുക്കണം..പിന്നെ ഞാന്‍ നിന്റെ തടവറയില്‍ നിന്നും സ്വതന്ത്രയാവും..നീലയും വെള്ളയും നിറത്തിലുള്ള പഞ്ഞികെട്ട് കണക്കു ആകാശ ചെരുവില്‍ പാറി നടക്കും....നീ ആകാശം നോക്കി നടക്കുമ്പോള്‍ കാറ്റായ്‌ വന്നു വിരല്‍ തൊടാന്‍...

Tuesday, September 20, 2011

ശിഥിലമായ ദാമ്പത്യം വൈധവ്യത്തെക്കാള്‍ ദുസ്സഹം ....