Tuesday, August 11, 2009

ഭവാനി

സാരീ,ബെഡ്ഷീറ്റ്,ചുരിദാര്‍,നൈറ്റി...ഈണത്തിലുള്ള പെണ്‍ വിളികേട്ട് ഡോര്‍ലെന്‍സിലൂടെ പുറത്തേയ്ക്ക് നോക്കി...നല്ലസുന്ദരിയായ ഒരു തമിഴത്തിപെണ്ണ്,കയ്യില്‍ വലിയരണ്ട് ബാഗുകള്‍, ലിഫ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുന്നു ഏതെങ്കിലുംവാതില്‍ തുറക്കുന്നുണ്ടോ എന്നാണ് ശ്രദ്ധ.
എവിടേയും കസേരനീക്കിയിട്ട് വലിഞ്ഞ് കയറുന്ന മോന്‍ അവിടെയും പണി പറ്റിച്ചു.നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ വാതില്‍ തുറന്നു.പ്രതീക്ഷനിറഞ്ഞമിഴികളും മൊഴികളും.“അക്കാ,നല്ല സാരി ചുരിദാര്‍ എല്ലാമുണ്ട് നോക്കുന്നോ?” തമിഴത്തിയാണെങ്കിലും നന്നായി മലയാളം പറയുന്നു.
കുവൈറ്റില്‍ വന്നശേഷം ആദ്യമായാ ഇത്തരം വില്പനക്കാരെ കാണുന്നത്.നാട്ടിലൊരു ചെട്ടിയാര്‍ വരാറുണ്ടായിരുന്നു,ഇന്‍സ്റ്റാള്‍മെന്റായി കാശ് കൊടുത്താല്‍മതിയെന്നും പറഞ്ഞ്.അമ്മാവന്മാര്‍ക്ക് ആ വര്‍ഗ്ഗത്തെ കാണുന്നതേ കലിയാണ്,പെണ്ണുങ്ങളെ പറ്റിക്കാനിറങ്ങിയവരാണന്നാണ് അഭിപ്രായം.അതിനാല്‍ അമ്മയ്ക്കും അമ്മവിമാര്‍ക്കും അയാളില്‍ നിന്നും ഒന്നും വാങ്ങാന്‍ പറ്റിയിട്ടില്ല.മുറ്റമടിക്കാന്‍ വരുന്ന തങ്കമ്മപണിക്കത്തി ചെട്ടിയാരോട് വാങ്ങിയ ലുങ്കിയും ബ്ലൌസ്സും ഒക്കെ അവരെ കാണിച്ച് അതിന്റെ നല്പിനെകുറിച്ചും വിലക്കുറവിനെക്കുറിച്ചും പറയുന്നത് പേരച്ചുവട്ടിലോ നെല്ലിച്ചുവട്ടിലോ ഇരുന്ന് ബാലമംഗളം വായിച്ചിരുന്ന ഞാന്‍ ശ്രദ്ധിച്ചിരുന്നു.അത്താഴം വിളമ്പുന്ന നേരം അമ്മാവിമാര്‍ ദ്വയാര്‍ത്ഥത്തില്‍ ഈ വിഷയം അവതരിപ്പിക്കാറുമുണ്ട്.അവരുടെ ഉദ്ദേശം അമ്മാവന്മാര്‍ക്ക് മനസ്സിലാവും.അടുത്തഏതെങ്കിലും ദിവസം ആലപ്പുഴ കൃഷ്ണാസ്സിലേയ്ക്ക് എല്ലാരും കൂടി ഒരു പോക്കുണ്ട്,ചെട്ടിയാരുടെ കയ്യിലുള്ളതിലും നല്ല തുണികള്‍ വാങ്ങാന്‍.പെണ്ണുങ്ങളുടെ ഒരു മിടുക്ക്.വലുതാകുമ്പോള്‍ അമ്മായിമാരെപ്പോലെ നല്ല സാമര്‍ത്ഥ്യക്കാരിയാവുമെന്ന് മനസ്സിലുറപ്പിക്കുകയും ചെയ്തു.
തമിഴത്തി തുണികള്‍ ഓരോന്നായി നിവര്‍ത്തിക്കാണിക്കുകയാണ്.അവളുടെ വായ്മൊഴി എനിക്ക് നന്നേ രസിച്ചു. വളകിലുക്കം പോലെയുള്ള ആ വായ്ത്താരിക്കു മുന്നില്‍ എന്റെ കൌതുകത്തിന് ബാല്യം വന്നു.പണ്ടേ കൌതുകമിത്തിരികൂടുതലായതിനാല്‍ ഞാനവളോട് അവളെക്കുറിച്ച് ചോദിച്ചു.“ഭവാനി” എന്നവള്‍ പേരുപറഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിപൊട്ടി,ഒരുമോളുണ്ടായാല്‍ ഇടാന്‍ ഞാന്‍ കണ്ട് വച്ചിരുന്ന പേര്‍.
കച്ചവടനയം നന്നായറിയുന്ന ഭവാനി ഓരോ മെറ്റീരിയലിനെകുറിച്ചും വിശദമായി പറഞ്ഞിരുന്നു.എനിക്ക് ചേരുന്ന നിറങ്ങളും ഡിസൈനുകളും അവള്‍ വിവരിച്ചു.“സാധനം വിറ്റഴിക്കാനുള്ള അടവാണേ” എന്ന ഭര്‍ത്താവിന്റെ അഭിപ്രായത്തോട് എപ്പോളത്തെയും പോലെ എന്തുകൊണ്ടോ ഞാന്‍ യോജിച്ചില്ല.ഒടുവില്‍ മോന്റെ ഇഷ്ടത്തിന് സ്പൈഡര്‍മാന്റെ ഒരു ബെഡ്ഷീറ്റ് വാങ്ങി കച്ചവടം അവസാനിപ്പിച്ചു.
പിന്നീട് ഭവാനിയുടെ വായ്ത്താരികേള്‍ക്കുമ്പോള്‍ വാതില്‍ തുറക്കുന്നത് പതിവായി.ഒന്നും വാങ്ങിയില്ലെങ്കിലും അവളോട് ചുമ്മാകുറച്ച് വര്‍ത്തമാനം പറയും.ഈ ഭാരവും ചുമന്ന് നടന്ന് ക്ഷീണിച്ച് വരുന്നതല്ലേ,കഴിയ്ക്കാനും കുടിയ്ക്കാനും എന്തെങ്കിലും കൊടുക്കുക പതിവായി.കൂട്ട്കാരിഭവാനി വന്നില്ലേ എന്ന് എന്റെ പ്രാണനാഥന്‍ ഇടയ്ക്കൊക്കെ കളിയാക്കാനും തുടങ്ങി.
അവളെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചോദിച്ച് കൊണ്ടിരുന്നു.കദാമ്മവിസയില്‍{വീട്ട്ജോലിക്കരികള്‍കുള്ള}ആദ്യമായി കുവൈറ്റില്‍ വന്നതും മൃഗത്തെപ്പോലെ പണിയെടുത്തിട്ടും പാതിവയറോടെ ഉറങ്ങാതെ ഉറങ്ങിയതും അനുഭവിച്ച ദുരിതങ്ങളും ഒക്കെ ഒരു ദിവസം അവള്‍ പറഞ്ഞു.അഞ്ച് നേരം നിസ്കരിച്ചിട്ടും സഹജീവിയെ പട്ടിണിക്കിട്ട് മൃഷ്ടാന്നം വെട്ടിവിഴുങ്ങുന്ന ആ വീട്ട്കാര്‍ മനുഷ്യരല്ല എന്നാണ് അവള്‍ പറഞ്ഞത്.ചമഞ്ഞൊരുങ്ങി നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത കുവൈറ്റിപെണ്ണുങ്ങളെ പുച്ഛത്തോടെ ഞാനോര്‍ത്തു.നിര്‍ണ്ണയത്തിന്റെ രാ‍ത്രിയില്‍ പരമകാരുണ്യവാനായ അള്ളാ ഇതെല്ലാം ക്ഷമിക്കുമോ?പക്ഷേ ഭവാനിയെ മറ്റൊരു സ്പോണ്‍സറ്ക്ക് ആദ്യത്തെയാള്‍ വിറ്റു.ആ മനുഷ്യന്‍ വളരെ നല്ലവനായിരുന്നത്രേ.പുള്ളി അവള്‍ക്ക് ഈ ജോലി ആക്കിക്കൊടുത്തു.ഒരു പൂക്കടയില്‍ മാലകെട്ടായിരുന്ന ഭര്‍ത്താവിന് വലിയപൂക്കടയിട്ട് കൊടുത്തതും സഹോദരിമാരെ കെട്ടിച്ചയച്ചതും വീട് വച്ചതും ഇപ്പോള്‍ സമാധാനമായി ജീവിക്കുന്നതും ഒക്കെ മനുഷ്യരിലും ദൈവം ഉണ്ടെന്നതിന്റെ തെളിവായി കണ്ട ആ നല്ല മനുഷ്യന്റെ ഗുണം കൊണ്ടാണെന്ന് അവള്‍ പറഞ്ഞു.ജീവിതത്തോട് കൂറുകാണിച്ച് ജീവിക്കുന്ന ഭവാനിയോട് സഹാനുഭൂതിയും സ്നേഹവും തോന്നി...ഒരിക്കല്‍ ഞാന്‍ ചെയ്ത പെയിന്റിങ്ങ് കണ്ട് അവള്‍ പറഞ്ഞു “അക്കാ ,നിങ്ങളിതൊക്കെ ചെയ്യാറുണ്ടോ” ഞാനതൊരു കൌതുകത്തിന് ചെയ്തതാ.
കഴിഞ്ഞദിവസം ഭവാനി വന്നു.കയ്യില്‍ ഒരു പൊതിയുണ്ട് ഇത് നിങ്ങള്‍ക്കാണെന്നും പറഞ്ഞ് അവളത് എനിക്ക്

സമ്മാനിച്ചു,അതിനെ വില അവള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല.താന്‍ രണ്ട് മാസത്തേയ്ക്ക് നാട്ടില്‍ പോവാണെന്നും തിരിച്ചുവരുമ്പോളേയ്ക്കും ഒരുപാട് വരയ്ക്കണമെന്നും അവള്‍ പറഞ്ഞു.

ഭവാനിപോയി....അവളുടെ ചിരിപോലെ ഭംഗിയുള്ള പൂവുകള്‍...അവളുടെ സ്വപ്നങ്ങള്‍ പോലെ ആയിരം വര്‍ണ്ണമുള്ള പൂമ്പാറ്റകള്‍...നാട്യസുന്ദരമായ അവളുടെ ചലനങ്ങള്‍ ...അങ്ങനെ ഒരുപാട് വരച്ചു....

സാരീ,നൈറ്റി,ചുരിദാര്‍...വളകിലുക്കം പോലെയുള്ള അവളുടെ വിളിക്കായി ആയിരം വര്‍ണ്ണങ്ങളോടെ.....