ഒരു കലാലയ വര്‍ഷം കൂടി അവസാനിയ്ക്കാറായി എന്നതിന്റെ ഒരു മുന്നറിയിപ്പാണ് കോളേജില്‍ നിന്നുമുള്ള ഓരോ ടൂറും.ഉത്സവത്തിമിര്‍പ്പുള്ള യാത്രകള്‍,അതിരു വിടാത്ത സൌഹൃദത്തിന്റെകുഞ്ഞ് തമാശകള്‍,കൈമാറുന്ന ചെറിയ സമ്മാനപ്പൊതികള്‍,എല്ലാത്തിനുമൊടുവില്‍ വേര്‍പിരിയലിന്റെ നീറ്റല്‍.കോളേജ് അടയ്ക്കാറാവുന്നതിന്റെ കലമ്പല്‍ ഏറ്റവും പ്രകടമാകുന്ന ഹോസ്റ്റലും.അവരവരുടെ ഇഷ്ടമനുസരിച്ച് ഭിത്തിയിലൊട്ടിച്ചിരുന്ന ചിത്രങ്ങള്‍ പറിച്ചെടുക്കുമ്പോള്‍ അതോടൊപ്പം അടര്‍ന്ന് പോകുന്ന പെയിന്റും,പെയിന്റ് പോയ ചുവരുകളും പിരിഞ്ഞ് പോകുന്നവരെയും വന്നുചേരുന്നവരെയും ഓര്‍മ്മയുടെ മേച്ചില്പുറങ്ങളില്‍ കൊണ്ട് എത്തിയ്ക്കാറുണ്ടാവാം..
ഓട്ടോഗ്രാഫ് എഴുതിയ്ക്കാനെത്തുന്ന സൌഹൃദങ്ങള്‍,പലരുടെയും പേരുകൂടി തനിയ്ക്കറിയില്ലായിരുന്നു.മറ്റുചിലരോട് പുഞ്ചിരിയിലൊതുങ്ങുന്ന ചങ്ങാത്തം.വേരുറച്ച സൌഹൃദങ്ങള്‍പണ്ടേ ഇല്ലാഞ്ഞതിനാല്‍ പലപ്പോഴും പറിച്ച് നടുമ്പോള്‍ പച്ചപിടിയ്ക്കാന്‍ തനിയ്ക്ക് പ്രയാസമുണ്ടായിരുന്നില്ല.
ഇപ്പോള്‍ എന്തോ ഇടനെഞ്ചിലൊരു വിങ്ങല്‍!!!പേരിട്ട് വിളിയ്ക്കാനാവാതെ പോയ ഒരു ബന്ധത്തിന്റെ ബാക്കിയായ നൊമ്പരം.ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഊഷ്മളമായ ചില ഓര്‍മ്മകള്‍.കാമ്പസിലെ തിമിര്‍പ്പില്‍ നിന്നും അല്പമൊന്ന് ഒതുങ്ങിനിന്നതിനാല്‍ ജാടക്കാരി എന്നൊരു ചെല്ലപ്പേരു തനിക്കുണ്ടായിരുന്നു.അഗതാക്രിസ്റ്റിയുടെ രചനകളോട് വല്ലാത്ത കമ്പം കൂടിയ സമയമായിരുന്നതിനാല്‍ ഒഴിവുസമയങ്ങളില്‍ അവരുടെ നോവലുകളിലേയ്ക്ക് മിഴിയും മനവും പൂഴ്ത്തിയിരിക്കാനായിരുന്നു ഇഷ്ടം.അക്ഷരങ്ങളുടെ വെളിച്ചത്തില്‍ മാത്രം അറിഞ്ഞിരുന്ന സഹപാഠികള്‍.അതിനാല്‍ കൂട്ടുകാരും നന്നേകുറവ്.
എന്തുകൊണ്ടോ വാര്‍ഡന് തന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നു.പത്ത്മണികഴിഞ്ഞാല്‍ എല്ലാ ലൈറ്റുകളും അണയ്ക്കണമെന്ന ചിട്ട അവിടെ ഉണ്ടായിരുന്നു.അതുകൊണ്ട് നന്ദ്യാര്‍വട്ടങ്ങള്‍ പൂക്കുന്ന വരാന്തയിലെ അരണ്ടവെളിച്ചമായിരുന്നു തനിക്ക് ആശ്വാസം,ഇടയ്ക്കൊക്കെ കഥകള്‍ വായിച്ച് തീര്‍ക്കാന്‍.
പതിവില്ലാതെ ഒരുദിവസം വാര്‍ഡന്‍ ചേച്ചി തന്നോട് ചോദിച്ചു:അരുന്ധതിയ്ക്ക് സമയമുള്ളപ്പോള്‍ കുറച്ച് സിമ്പോസിയം തയ്യാറാക്കി തരാമോ,എനിക്ക് വേണ്ടപ്പെട്ട ഒരുകുട്ടിയ്ക്കാണ്.
സമ്മതിയ്ക്കാതിരിയ്ക്കാന്‍ അപ്പോളെന്തോ തോന്നിയില്ല.അവര്‍ പൊതുവേ നല്ല മനുഷ്യത്തമുള്ള സ്ത്രീ ആണ്,അപ്പോള്‍ എങ്ങനെ നിരസിക്കും.
അരുന്ധതി എന്നാല്‍ ഒരിയ്ക്കലും ധര്‍മ്മം തെറ്റിയ്ക്കാത്തവള്‍ എന്നാണ് അര്‍ത്ഥമെന്ന് അച്ഛന്‍ പറയാറുണ്ട്,അതിനാലാവാം രണ്ട് ദിവസം ലൈബ്രറിയില്‍ ചിലന്തിയെപ്പോലെ അരിച്ച് നടന്ന് ആ ദൌത്യം പൂര്‍ത്തിയാക്കി.അത് വാര്‍ഡന് കൈമാറുമ്പോള്‍ ആ മുഖത്ത് നല്ല പ്രകാശം.നന്ദിപറയാന്‍ വാക്കുകള്‍ക്കായി പരതുന്നത് കണ്ട് താന്‍ മുങ്ങി.
പിന്നീട് യാദൃശ്ചികമായി വാര്‍ഡന്‍ തനിക്കൊരാളെ പരിചയപ്പെടുത്തി:അരുന്ധതീ,കുട്ടി സിമ്പോസിയം തയ്യാറാക്കി തന്നത് ഈ രാജീവിനു വേണ്ടിയാണ്.അലസമായി അവനെ നൊക്കിയ തനെ ഇടനെഞ്ചൊന്ന് ആളി,പ്രകാശമില്ലാത്തമിഴികള്‍,വെറുതേ ചിമ്മുന്ന പീലികള്‍ക്കുള്ളില്‍ ഉണങ്ങിയ ഞാവല്പഴങ്ങള്‍ പോലെ.ദൈവത്തിന്റെ മറ്റൊരു വികൃതി.അനുകമ്പയോ,സഹതാപമോ എന്താണെന്ന് അറിയില്ല പിന്നീട് അവന്റെ പഠനത്തിന് തനിയ്ക്കാവുന്നതെല്ലാം ചെയ്ത് കൊടുത്തു.പുസ്തകം വായിച്ച് റെക്കോഡ് ചെയ്ത് കൊടുക്കുമ്പോള്‍ തന്റെ ശബ്ദം അവന്‍ അറിവാകുമ്പോള്‍ എന്തോ വല്ലാത്ത ഒരാത്മഹര്‍ഷം.
യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ അവനു വേണ്ടി താന്‍ പരീക്ഷയെഴുതി.അവന്റെ മൊഴികള്‍ എന്റെ വിരല്‍ത്തുമ്പിലൂടെ ഉത്തര കടലാസ്സിലേയ്ക്ക്.അവനെ കാണുമ്പോള്‍ തന്റെ മുഖത്ത് വിടരുന്ന ചിരി അവന് കാണാന്‍ പറ്റാത്തതിനാല്‍ കളവൊളിക്കുന്ന കുട്ടിയെ പോലെ പുഞ്ചിരിക്കേണ്ടി വന്നില്ല.പ്രകാശമില്ലാത്തമിഴികളുള്ള മുഖത്ത്പൂത്തിരികത്തുന്ന ചിരികളുമായി എത്രയോ വൈകുന്നേരങ്ങള്‍.
ഇപ്പോള്‍ വഴിപിരിയലിന്റെ സമയമായിരിക്കുന്നു.നിറഞ്ഞോഴുകിയ പുഴ ഇടയ്ക്ക് വച്ച് കൈവഴിതിരിഞ്ഞപോലെ.....കട്ടിലില്‍ നിരന്ന് കിടക്കുന്ന ഓട്ടോഗ്രാഫുകള്‍ തന്നെ പല്ലിളിച്ച് കാട്ടുന്നു,അതില്‍ എന്തൊക്കെയോ എഴുതിനറച്ച് മാറ്റിവച്ചു.മിക്കവരുടെയും ആവശ്യം അരുന്ധതി ഒരു കവിത എഴുതിതരണം എന്നായിരുന്നു.ഹൃദയമുരുകുമ്പോള്‍ ഭാഷവറ്റുന്നു.
യാത്രപറയലിന്റെ ബഹളം,കെട്ടിപ്പിടുത്തവും ചെറുചുംബനങ്ങളും,കത്തെഴുതണേ ,വിളിക്കണെ എന്നൊക്കെയുള്ള അപേക്ഷകളും.കാറുകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും പുറത്തേയ്ക്ക് നീളുന്ന കൈകള്‍ റ്റാറ്റ പറയുന്നു.
ഒരു നേര്‍ത്തശബ്ദം കേട്ട് താന്‍ തിരിഞ്ഞ് നോക്കി.കയ്യിലൊരു ഓട്ടോഗ്രാഫുമായി രാജീവ്.“എന്തേ അരുന്ധതിമാത്രം എനിയ്ക്ക് ഓട്ടോഗ്രാഫ് എഴുതിയില്ല?”എന്ന ചോദ്യം തന്നെ വല്ലാതെ തളര്‍ത്തി.ഈ വരികള്‍ വേണോ നമുക്ക് പരസ്പരം ഓര്‍ക്കാന്‍ എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്.പക്ഷേ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.അവന്‍ നീട്ടിയ ഓട്ടോഗ്രാഫ് അതേപോലെ മടക്കികൊടുത്തു.താന്‍ എഴുതുന്നതെന്താണെന്ന് മറ്റൊരാള്‍ അവന് വായിച്ച് കേള്‍പ്പിക്കണ്ടാന്നൊരു സ്വാര്‍ത്ഥത.
ഉണങ്ങിയ വാകയിലകള്‍ നിറഞ്ഞവഴിയിലേയ്ക്ക് കൂട്ടുകാരന്റെ വിരല്‍ പിടിച്ച് അവന്‍ നടന്നു.അവന്‍ ഒന്നും പറഞ്ഞില്ല,താന്‍ പിന്‍ വിളി വിളിച്ചുമില്ല.തൊട്ടുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തിക്കി തിരക്കുന്നവരുടെ കലമ്പല്‍ കണ്ണുനീര്‍പാടയാല്‍ അവ്യക്തമാകവേ ഞാന്‍ നീലവാനിന്റെ ആകൃതി നഷ്ടപ്പെട്ട മുഖത്തെ കുറിച്ച് ഒരു കവിത ആലോചിയ്ക്കുവായിരുന്നു താന്‍!!!
ഇനി പ്രകാശമുള്ള നയനങ്ങളുമായ് കണ്ടുമുട്ടലുകളില്‍ വിശ്വസിച്ച് പിരിഞ്ഞ് പോകാം...............
Tuesday, September 29, 2009
Subscribe to:
Posts (Atom)